എരുമേലി: കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഭരണം തീരാറായപ്പോൾ പുതിയ പഞ്ചായത്ത് ഓഫീസ് നിർമാണത്തിനായി സ്ഥലം വാങ്ങിയ പദ്ധതി സംബന്ധിച്ച് എന്തു നടപടി സ്വീകരിക്കണമെന്നറിയാതെ പുതിയ ഭരണസമിതി.
കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും യുഡിഎഫ് അംഗങ്ങളുടെ ആവശ്യപ്രകാരം ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു. വിഷയം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമായ ശേഷം അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ അജൻഡയിൽ ഉൾപ്പെടുത്തി തീരുമാനം കൈക്കൊള്ളാനാണ് ആലോചിക്കുന്നതെന്ന് യുഡിഎഫ് നേതാവ് നാസർ പനച്ചി പറഞ്ഞു.
മുൻ ഭരണസമിതി സ്ഥലം വാങ്ങിയപ്പോൾ അതിനെതിരേ വിവിധ ആക്ഷേപങ്ങൾ അന്നത്തെ പ്രതിപക്ഷം ഉയർത്തിയിരുന്നു. അന്ന് ഭരണം എൽഡിഎഫിനായിരുന്നു. ഇതിനുശേഷം ഭരണം മാറിയെങ്കിലും എൽഡിഎഫ് അംഗം പ്രസിഡന്റും ഭൂരിപക്ഷം യുഡിഎഫിനുമാണ്. മുൻ ഭരണസമിതി സ്ഥലം വാങ്ങിയതിലെ നടപടികൾ പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചില്ലെന്നുള്ളതായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
എന്നാൽ സ്ഥലം വാങ്ങുകയും പഞ്ചായത്തിന്റെ ആസ്തിയായി മാറുകയും ചെയ്ത സ്ഥിതിക്ക് ഇനി പഴയ ആക്ഷേപത്തിന് പ്രസക്തി ഇല്ലെന്നാണ് വിലയിരുത്തൽ. അതേസമയം, സ്ഥലം വാങ്ങിയതിൽ പഞ്ചായത്തിന് പ്രതികൂലമായ ചില വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ള ആരോപണവും അന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അടുത്ത കമ്മിറ്റിയിൽ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ചയായാൽ വ്യവസ്ഥകൾ നിർണായകമായി മാറും. ചില വ്യവസ്ഥകൾ സ്ഥലമുടമയുടെ ആവശ്യപ്രകാരം കരാറിൽ ചേർത്തിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം.
എരുമേലി കൃഷിഭവൻ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവയോട് ചേർന്നുള്ള 27 സെന്റ് സ്ഥലമാണ് വാങ്ങിയത്. 2.5 ലക്ഷം രൂപ സെന്റിന് കണക്കാക്കി ആധാരച്ചെലവ് ഉൾപ്പെടെ 68 ലക്ഷത്തിനാണ് സ്ഥലം വാങ്ങിയത്. സെന്റിന് പത്ത് ലക്ഷം രൂപ വരെ വില കണക്കാക്കുന്ന എരുമേലി ടൗണിൽ 2.5 ലക്ഷം രൂപ മാത്രം സെന്റിന് വാങ്ങിയതിലൂടെ വില കുറച്ചാണ് സ്ഥലം വാങ്ങിയതെന്ന നേട്ടമാണ് എൽഡിഎഫ് ഉയർത്തുന്നത്. ഈ സ്ഥലത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉൾപ്പെടെ പഞ്ചായത്ത് ഓഫീസ് നിർമിച്ചാൽ ശബരിമല സീസണിൽ തിരക്ക് കുറയുമെന്നും അവകാശവാദമുണ്ട്.
എന്നാൽ വിസ്തൃതമായ നിലയിൽ മൂന്ന് ഇരുനില കെട്ടിടങ്ങളിലായാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ സ്ഥലം വാങ്ങി പുതിയ ഓഫീസ് നിർമിക്കേണ്ട അടിയന്തര സാഹച്യം നിലവിലില്ലെന്നാണ് യുഡിഎഫിലെ വിലയിരുത്തൽ. പുതിയ പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നതിനേക്കാൾ ആവശ്യം മുക്കൂട്ടുതറ, എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ സമുച്ചയം നിർമിക്കണമെന്നതാണ് അടിയന്തര ആവശ്യമെന്ന് യുഡിഎഫ് അംഗങ്ങൾ പറയുന്നു.